അയൽവാസി തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിൽ; സഹോദരങ്ങൾക്ക് കഠിനതടവ്
Sep 9, 2023, 18:22 IST

പത്തനംതിട്ട: യുവാവ് തലക്കടിയേറ്റ് മരിച്ച കേസിൽ സഹോദരങ്ങൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31,000 രൂപ വീതം പിഴയും. കല്ലൂപ്പാറ കടമാൻകുളം കടമാൻകുളത്ത് വീട്ടിൽ അഭിലാഷ് (വാവച്ചൻ -36), സഹോദരൻ അശോകൻ (കൊച്ചുമോൻ- 32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസത്തെ തടവ് കൂടി അനുഭവിക്കണം. അയൽവാസിയായ കടമാൻകുളത്തെ ബിജുവാണ് (42) ഇവരുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കടമാൻകുളത്തെ മോനച്ചന്റെ ഫർണിച്ചർ കടയിൽ സഹായി ആയിരുന്നു കൊല്ലപ്പെട്ട ബിജു. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി നാല് ജഡ്ജി പി.പി. പൂജയാണ് വിധി പറഞ്ഞത്. 2013 ഡിസംബർ 19ന് നടന്ന സംഭവത്തിൽ കീഴ്വായ്പൂര് പൊലീസാണ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്.
സംഭവദിവസം രാത്രി ഒമ്പതോടെ കടയുടെ മുൻവശത്തെ റോഡിൽ മദ്യപിച്ച് അസഭ്യം വിളിച്ചുനിന്നത് ബിജു ചോദ്യം ചെയ്തതോടെ അഭിലാഷ് ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. കടയിലെ മറ്റു ജോലിക്കാർ ചേർന്ന് പിടിച്ചുമാറ്റി. എന്നാൽ, രാത്രി പത്തോടെ സഹോദരൻ അശോകനുമായെത്തി കമ്പും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ച് തലക്കും മറ്റും പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബിജു ചികിത്സയിലിരിക്കെ മരണപ്പെട്ടു.
