കൈപുണ്യത്തിന്റെ രുചി വൈവിധ്യവുമായി ഇളവരശി

248


തലമുറകളായി കൈമാറി കിട്ടിയ രുചിക്കൂട്ടിന്റെ കൈപുണ്യവുമായാണ് ഇളവരശി എന്ന വീട്ടമ്മ ടിൻടെക്സ് - 2022 വ്യവസായ കൈത്തറി പ്രദർശന വിപണന മേളയുടെ മുഖ്യ ആകർഷണമാകുന്നത്. മധുര, ഉസലാംപെട്ടിയിൽ നിന്നും സാംസ്കാരിക നഗരത്തിന്റെ സന്തതിയായ ഇളവരശി പി ജയകാന്ത് അശ്വതി ഹോട്ട് ചിപ്സ് എന്ന സംരംഭത്തിലൂടെയാണ് മേളയുടെ മനം കവരുന്നത്. ബേക്കറി - ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ നാടൻ കൈപുണ്യത്തിന്റെ കയ്യൊപ്പിലൂടെ അശ്വതി ഹോട്ട് ചിപ്സും ഇളവരശിയും ഇന്ന് വിദേശ വിപണിയ്ക്ക് ഉൾപ്പെടെ സുപരിചിതയാണ്. 

ചിപ്സ്, ഹൽവ, മിക്സ്ചർ, അരിമുറുക്ക്, ചക്ക അച്ചാർ, ചക്ക വരട്ടിയത്, ചക്കക്കുരു,  അവലോസുപൊടി, അവലോസുണ്ട, ഉണ്ണിയപ്പം, വട്ടയപ്പം, അച്ചാറുകൾ തുടങ്ങി വിവിധ തരം ഉൽപന്നങ്ങൾ ഇവർ നിർമിച്ച് വിൽക്കുന്നു. കൂവപ്പൊടി കൊണ്ടുള്ള വിഭവങ്ങളുൾപ്പടെ പുതുമയാർന്ന ഉൽപ്പന്നങ്ങളും അശ്വതി ഹോട്ട് ചിപ്സിന്റെ മാത്രം പ്രത്യേകതയാണ്. തികച്ചും പ്രകൃതിദത്ത സാധനങ്ങൾ ഉപയോഗിച്ച് പുതുമ നഷ്ടപ്പെടാതെ വിഭവങ്ങൾ തയ്യാറാക്കുകയാണ് ഇളവരശി. സസ്യ എണ്ണകൾ, പ്രത്യേകിച്ച് എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവ മാത്രം ഉപയോഗിക്കുന്നു എന്നതും കളർ, പ്രിസർവേറ്റീവ്സ് ചേർക്കുന്നില്ല എന്നതും ഇളവരശിയുടെ രുചിക്കൂട്ടുകൾക്ക് പ്രിയം കൂട്ടുന്നു. കാനഡ, ഖത്തർ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കും ഇളവർശിയുടെ വിഭവങ്ങൾക്ക് വിപണിയുണ്ട്.  ഓൾ ഇന്ത്യ വുമൺ എന്റർപ്രണർ, ഓൾ കേരള വുമൺ എന്റർപ്രണർ, പാചക റാണി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ഇളവരശിയെ തേടിയെത്തിയിട്ടുണ്ട്. 2022-ൽ യു എ ഇ യിൽ നടക്കുന്ന എക്സ്പോയിൽ സ്റ്റാൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇളവരശി ഇപ്പോൾ.

Share this story