"വിലക്കിയ സിനിമകളും പ്രദർശിപ്പിക്കും"; കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും

"വിലക്കിയ സിനിമകളും പ്രദർശിപ്പിക്കും"; കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും
Updated on

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ (IFFK) മുപ്പതാം എഡിഷനിലെ ചില സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 19 സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.

രാജ്യത്തെ വൈവിധ്യമാർന്ന സർഗാവിഷ്കാരങ്ങളെയും ഭിന്നസ്വരങ്ങളെയും അടിച്ചമർത്തുന്ന കേന്ദ്ര ഭരണകൂടത്തിന്റെ ഏകാധിപത്യ നടപടിയുടെ ഭാഗമാണ് ഈ സെൻസർഷിപ്പെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുൻനിശ്ചയിച്ച പ്രകാരം മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല.

പലസ്‌തീൻ പ്രമേയമായ നാല് സിനിമകൾ ഉൾപ്പെടെ 19 ലോക സിനിമകൾക്കാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം പ്രദർശനാനുമതി (Exemption Certificate) നൽകാത്തത്. മേള തുടങ്ങി നാലുദിവസം കഴിഞ്ഞിട്ടും സിനിമകൾ കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇതിനു മുൻപ് ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചതും 'സുവർണ ചകോരം' ലഭിച്ചതുമായ ചിത്രങ്ങളും വിലക്കിയവയുടെ പട്ടികയിലുണ്ട്.

ഡിസംബർ 19 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിദേശ പ്രതിനിധികളടക്കം 12,000-ത്തിലധികം ഡെലിഗേറ്റുകൾ പങ്കെടുക്കുന്നുണ്ട്. സർക്കാരിൻ്റെ ഈ അസാധാരണ തീരുമാനം മേളയിലെ പ്രതിനിധികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com