

അബുദാബി: ഐ.പി.എൽ. താരലേലത്തിൽ മലയാളി യുവതാരം വിഘ്‌നേഷ് പുത്തൂരിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ചൈനാമാൻ സ്പിന്നറായ വിഘ്‌നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
കഴിഞ്ഞ ഐ.പി.എൽ. സീസണിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു വിഘ്‌നേഷ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി താരം ശ്രദ്ധ നേടിയിരുന്നു. എന്നാൽ പിന്നീട് പരിക്കുകൾ വിനയായതോടെ കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ വീണ്ടും ഐ.പി.എൽ. ലേലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് വിഘ്‌നേഷ്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മറ്റൊരു മലയാളി താരം രാജസ്ഥാൻ ടീമിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.