Times Kerala

 മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം; 50 ശതമാനം വര്‍ധന പരിഗണനയില്‍

 
 മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം; 50 ശതമാനം വര്‍ധന പരിഗണനയില്‍
 തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നതിനിടെയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്.50 ശതമാനം വര്‍ധനയാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് അവതരിപ്പിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ജനരോക്ഷം ഉയരാൻ സാധ്യതയുള്ളതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ഇനി അടുത്ത വര്‍ഷം അവസാനമേ തദ്ദേശ തിരഞ്ഞെടുപ്പുള്ളു. ഇപ്പോള്‍ ശമ്പളം കൂട്ടിയാല്‍ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ജനം അതെല്ലാം മറന്നോളുമെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന ഉപദേശം. ശമ്പള വര്ധനവിനുള്ള ബില്ലിന്‍റെ കരട് വൈകാതെ തയ്യാറാകുമെന്നാണ് അറിയുന്നത്. 2018ലായിരുന്നു അവസാനം നിയമസഭാ സാമാജികരുടെ ശമ്പളം കൂട്ടിയത്. അന്ന് മന്ത്രിമാരുടെ ശമ്പളം 55012ല്‍ നിന്ന് 97429 രൂപയാക്കി ഉയർത്തുകയും. എം.എല്‍.എമാരുടെ ശമ്പളവും ആനുകൂല്യവും 39500ല്‍ നിന്ന് 70000 രൂപയുമാക്കി. മന്ത്രിമാര്‍ക്ക് ശമ്പളത്തിന് പുറമെ കിലോമീറ്റര്‍ കണക്കിന് പരിധിയില്ലാത്ത യാത്രാബത്തയുമുണ്ട്. മന്ത്രിമാര്‍ക്കും സാമാജികര്‍ക്കും വീടുവയ്ക്കാനും വാഹനം വാങ്ങാനും പലിശരഹിത വായ്പ, രോഗംവന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തുള്‍പ്പടെ ചികിത്സയും എല്ലാമുണ്ട്. എന്നാല്‍ മന്ത്രിമാര്‍ക്ക് അവരുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെക്കാള്‍ ശമ്പളം കുറവാണെന്നാണ് ശമ്പളവര്‍ധനയെ ന്യായീകരിക്കുന്നവരുടെ വാദം.  

Related Topics

Share this story