തിരുവനന്തപുരത്ത് തോക്കും ആയുധങ്ങളുമായി ഗുണ്ടാ സംഘം പിടിയില്‍; കൊലപാതകം നടത്താനുള്ള ക്വട്ടേഷനുമായി എത്തിയതാണെന്ന് മൊഴി
Thu, 16 Mar 2023

തിരുവനന്തപുരം: കഠിനംകുളത്ത് വഴിയാത്രക്കാരെ ആക്രമിച്ച ഗുണ്ടാസംഘം പിടിയില്‍. വര്‍ക്കല സ്വദേശി ഷാഹുല്‍ ഹമീദ്,കണിയാപുരം സ്വദേശി മനാല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരോടൊപ്പമുണ്ടായിരുന്ന ഫവാസ് എന്നയാള്‍ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കഠിനംകുളം ചാന്നാങ്കര പാലത്തിന് സമീപം ബുധനാഴ്ച രാത്രിയോടെയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ മൂന്നംഗ സംഘവും റോഡില്‍ നിന്ന യുവാക്കളുമായി തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഇവരില്‍ ഒരാള്‍ കത്തിയെടുത്ത് യുവാക്കളുടെ നേരെ വീശുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇവരെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശം ഒരു തോക്കും രണ്ട് കത്തിയുമുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ഇവരില്‍ ഒരാളുടെ വീട്ടില്‍നിന്ന് രണ്ടു തോക്കുകള്‍ കൂടി പോലീസ് പിടിച്ചെടുത്തു.ഇന്ന് വിദേശത്തേയ്ക്ക് പോകാനിരുന്ന ഒരാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷനുമായി എത്തിയതാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. രക്ഷപ്പെട്ട ഫവാസാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇവര്‍ മൊഴി നല്കി.