

കൊച്ചി: പ്രതിമാസം 500 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിങ് നടത്താൻ സാധിക്കുന്ന അത്യാധുനിക ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആരംഭിച്ചു. പ്ലാസ്റ്റിക് ഫർണിച്ചർ നിർമ്മാണ രംഗത്തെ പ്രമുഖരായ അവ്രോ ഇന്ത്യ ലിമിറ്റഡാണ് പ്ലാന്റ് സ്ഥാപിച്ചത്. 25 കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ച പ്ലാന്റിന്റെ സംസ്കരണ ശേഷി സാമ്പത്തികവർഷം അവസാനത്തോടെ 1000 മെട്രിക് ടൺ പരിധിയിലേക്ക് ഉയർത്തുമെന്ന് അവ്രോ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാണ് ഗാസിയാബാദിൽ ആരംഭിച്ചത്.
പുനരുപയോഗയോഗ്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്കരിച്ച് ഫർണിച്ചറുകളും മറ്റ് അവശ്യ ഉപകരണങ്ങളും നിർമിക്കുന്ന അവ്രോ ഇന്ത്യ ലിമിറ്റഡിന്റെ സുസ്ഥിര വികസന നയത്തിന്റെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിച്ചത്. രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിൽ സമാന രീതിയിൽ സംസ്കരണം സാധ്യമാകുന്ന അത്യാധുനിക കേന്ദ്രങ്ങൾ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്കരണ കേന്ദ്രത്തിലൂടെ, പ്ലാസ്റ്റിക് ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് അവ്രോ ഇന്ത്യ ലിമിറ്റഡ് ചെയർമാനും ഡയറക്ടറുമായ സുശീൽ കുമാർ അഗർവാൾ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളെ വിലയേറിയ അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുന്ന സംവിധാനം വികസിപ്പിക്കാൻ കമ്പനി നടത്തിയ വർഷങ്ങളുടെ ശ്രമഫലമായാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.