കണ്ണൂർ: കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിൽ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർ മരിച്ചു. നരവൂർപാറ സ്വദേശി സുധി ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ക്വാറിയിൽ ലോറി നിർത്തിയിട്ട് ക്യാബിനുള്ളിൽ ഇരിക്കുകയായിരുന്നു സുധി. ഈ സമയം ലോറിക്ക് മുകൾഭാഗത്തുള്ള മൺതിട്ട പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ലോറിയുടെ ക്യാബിൻ പൂർണ്ണമായും മണ്ണിനടിയിലായി.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയ ഫയർഫോഴ്സും ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സുധിയെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ക്വാറിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.