കൊച്ചി: തലശേരിയിലെ നിയുക്ത എംഎൽഎയും ഫസൽ വധക്കേസിലെ എട്ടാം പ്രതിയുമായ കാരായി രാജന് (Karayi Rajan MLA) കൊച്ചി സിബിഐ കോടതി വിചാരണയിൽ ഹാജരാകുന്നതിന് ഇളവ് അനുവദിച്ചു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നാണ് ഒഴിവാക്കിയത്. ഇന്ന് കോടതിയിൽ നേരിട്ടെത്തി നൽകിയ അവധി അപേക്ഷ പരിഗണിച്ചാണ് ജഡ്ജിയുടെ ഉത്തരവ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന്റെ സാക്ഷി വിസ്താരം സിബിഐ കോടതിയിൽ ആരംഭിച്ചത്. ആകെ 221 സാക്ഷികളുള്ള കേസിൽ കൊടി സുനിയാണ് ഒന്നാം പ്രതി. ഉദ്യോഗാർത്ഥിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലുമുള്ള തിരക്കുകൾ പരിഗണിച്ചാണ് കാരായി രാജന് കോടതി ഇളവ് നൽകിയത്.
2006 ഒക്ടോബർ 22-നാണ് എൻ.ഡി.എഫ് പ്രവർത്തകനായ ഫസൽ കൊല്ലപ്പെടുന്നത്. ലോക്കൽ പൊലീസിൽ നിന്ന് സിബിഐ ഏറ്റെടുത്ത കേസിലാണ കാരായി രാജനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയത്. 2013-ൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. തലശേരി മണ്ഡലത്തിൽ നിന്നും സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച കാരായി രാജൻ 20,523 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Story Summary: CBI court in Kochi granted temporary exemption to Karayi Rajan, the 8th accused in the Fazal murder case and newly elected Thalassery MLA, from appearing for trial until his swearing-in. The trial involving 221 witnesses had recently commenced, with Kodi Suni as the prime accused.

