Times Kerala

 ഇസാഫിന്റെ 'ബീച്ച് ഫോര്‍ ഓള്‍' പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം

 
 ഇസാഫിന്റെ 'ബീച്ച് ഫോര്‍ ഓള്‍' പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം
 

തൃശൂര്‍: ബീച്ചുകള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷന്‍ നടപ്പിലാക്കി വരുന്ന ബീച്ച് ഫോര്‍ ഓള്‍ ബോധവല്‍ക്കരണ പ്രചാരണത്തിന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ അക്കാഡമി ഓഫ് ഡിജിറ്റല്‍ ആര്‍ട്‌സ് ആന്റ് സയന്‍സസ് ഏര്‍പ്പെടുത്തിയ ആന്തം അവാര്‍ഡ് ലഭിച്ചു. വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ എന്നീ വിഭാഗത്തില്‍ സില്‍വര്‍ പുരസ്‌കാരമാണ് ഇസാഫിന് ലഭിച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇസാഫ് ഫൗണ്ടേഷനു വേണ്ടി ബിജില ജോര്‍ജ് പുരസ്‌കാരം സ്വീകരിച്ചു.

ഇസാഫ് ഫൗണ്ടേഷന്‍ 2017ലാണ് ഹെല്‍ത്ത്ബ്രിഡ്ജ് ഫൗണ്ടേഷനുമായി കൈകോര്‍ത്ത് ബീച്ച് ഫോര്‍ ഓള്‍ ക്യാമ്പെയിന് തുടക്കമിട്ടത്. കേരളത്തിലെ വിവിധ ജില്ലകളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റേയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന 'ബീച്ച് ഫോര്‍ ഓള്‍' പദ്ധതി പ്രധാന ബീച്ചുകള്‍ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിന് സഹായകമായിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി 37ഇനം പരിപാടികളാണ് തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലായി ഇസാഫിന്റെ നേതൃത്വത്തില്‍ നടത്തിയത്.

Related Topics

Share this story