കൊച്ചി: പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി പിടിയിലായി. പുണെ സ്വദേശിയായ വികാസ് സഞ്ജയ് ഹഗാവനെ (35) കൊച്ചി സിറ്റി പോലീസാണ് പിടികൂടിയത്. പുണെയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചിയിലെത്തിച്ചു. (Ernakulam Medical Centre Theft)
കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ 10:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ ആശുപത്രിയിൽ പ്രവേശിച്ച പ്രതി, ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവ മോഷ്ടിക്കുകയായിരുന്നു. ഡോക്ടർമാരുടെ പരാതിയെത്തുടർന്ന് പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ മഹാരാഷ്ട്രയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പുണെയിലുണ്ടെന്ന് ഉറപ്പാക്കിയ പ്രത്യേക അന്വേഷണസംഘം അവിടെയെത്തിയാണ് ഇയാളെ വലയിലാക്കിയത്.
പ്രതി വിവിധയിടങ്ങളിൽ വിറ്റഴിച്ച ലാപ്ടോപ്പുകൾ ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് പോലീസ് കണ്ടെടുത്തു. എറണാകുളം എസിപി സുരേഷ് കെ.ജി., പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: Kochi City Police arrested Vikas Sanjay Hagawane, an interstate thief from Pune, for stealing laptops and cash from doctors at Ernakulam Medical Centre Hospital. The theft occurred on April 27, and the accused was identified through CCTV footage. Police recovered the stolen laptops from Bangalore and Kochi, and the suspect has been remanded in custody.

