തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ നിയന്ത്രണങ്ങളുടെ സമയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും.(Electricity crisis deepens, High-level meeting today; restrictions may be tightened)
വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന വൈകിട്ട് 6 മണി മുതലുള്ള ‘പീക്ക് അവറിൽ’ വിതരണ ശൃംഖലയുടെ സുരക്ഷ മുൻനിർത്തി നിയന്ത്രണം ഏർപ്പെടുത്താനാണ് കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തെയും ട്രാൻസ്ഫോർമറുകളുടെ ലോഡ് അനുസരിച്ച് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയേക്കാം. അമിതഭാരം മൂലം വിതരണ ശൃംഖല തകരാറിലാകുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ബോർഡ് വ്യക്തമാക്കുന്നു.
സാധ്യമായ ഇടങ്ങളിൽ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് ഉപഭോക്താക്കളെ എസ്.എം.എസ്. വഴി മുൻകൂട്ടി അറിയിക്കാൻ കെ.എസ്.ഇ.ബി. ശ്രമിക്കും. ഇന്നലെ ചേർന്ന ബോർഡിന്റെ കോർ കമ്മിറ്റി യോഗം സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയിരുന്നു. പീക്ക് ലോഡ് മാനേജ്‌മെന്റ് വഴിയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം റെക്കോർഡുകൾ ഭേദിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

