Times Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എംപിക്കെതിരെ വെളിപ്പെടുത്തലുമായി ഇഡി 
 

 
8uki8u


കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എംപിക്കെതിരെ വെളിപ്പെടുത്തലുമായി ഇഡി പ്രത്യേക കോടതിയിൽ. കേസിൽ അറസ്റ്റിലായ ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എംപിയും പൊലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്തുവരാതിരിക്കാൻ രാഷ്ട്രീയ നേതാക്കൾ സാക്ഷികളെ ഭീഷണിപ്പെടുത്തുകയാണെന്നും ഇഡി വ്യക്തമാക്കി.

ബിനാമി വായ്പയിലൂടെ പി പി കിരൺ തട്ടിപ്പ് നടത്തിയ 24 കോടി രൂപയിൽ 14 കോടി രൂപ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറി. ഈ പണം എവിടെ ചെലവഴിച്ചുവെന്ന് അന്വേഷിക്കുന്നതിനിടെയാണ് ഇഡിയുടെ പുതിയ കണ്ടെത്തൽ. സതീഷ് കുമാറിന്റെ ഫോണിൽ നിന്ന് മുൻ എംപിക്ക് പണം കൈമാറുന്നത് സംബന്ധിച്ച ഫോൺ സംഭാഷണം ലഭിച്ചു. രണ്ട് പേർക്ക് ആറ് കോടി രൂപ സതീഷ് കുമാർ നൽകുന്നത് കണ്ടതായി സാക്ഷി മൊഴിയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

എസി മൊയ്തീൻ എംഎൽഎ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുമായി സതീഷ് കുമാറിന് ബന്ധമുണ്ട്. സാക്ഷികൾക്ക് രാഷ്ട്രീയ ഭീഷണിയുണ്ടെന്നും ചില സാക്ഷികൾ പരാതി നൽകിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ച ബിനാമി ഇടപാടുകാരൻ സതീഷ് കുമാർ, പിപി കിരൺ എന്നിവരെ കോടതി ഈ മാസം 19 വരെ റിമാൻഡ് ചെയ്തു.

Related Topics

Share this story