സിപിഎം വനിതാ നേതാവിന്റെ മകനെ എസ്എഫ്ഐ സംഘം മർദിച്ച സംഭവം: പ്രതികൾ ഒളിവിൽ
Sep 5, 2023, 20:21 IST

തിരുവനന്തപുരം: സിപിഎം വനിതാ നേതാവിന്റെ മകനെ സംസ്കൃത കോളജിനകത്ത് വച്ച് എസ്എഫ്ഐ സംഘം മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ. പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ബിന്ദുവിന്റെ മകൻ ആദർശാണ് മർദ്ദനത്തിനിരയായത്. ആദർശിനെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ ഭാരവാഹികളായ ജിത്തു, സച്ചിൻ, നസിം എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തത്. സംസ്കൃത കോളജിലെ ഒന്നാം വർഷ ബിരുദവിദ്യാർഥിയാണ് ആദർശ്.
കഴിഞ്ഞ മാസം 24ന് കോളജിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ചാക്കിൽ കയറിയുള്ള ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ ആദർശ് വിസമ്മതിച്ചിരുന്നു. മുണ്ടുടുത്തിരുന്നതിനാൽ മത്സരത്തിനില്ലെന്ന് ആദർശ് അറിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ആദർശിനെ ക്ലാസ് മുറിയിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി മുഖത്തും കൈകളിലും മുതുകിലും ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് മകനെയും കൂട്ടി മാതാവ് ബിന്ദു കന്റോണ്മെന്റ് പോലീസിൽ എത്തി പരാതി നൽകുകയായിരുന്നു. ആദർശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തത്.
