കൊല്ലത്ത് കോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘർഷം
Sep 8, 2023, 17:41 IST

അഞ്ചൽ: വളർത്തുകോഴികൾ അയൽ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻതോട്ടം പ്ലാവിള പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈയാണ് സംഘർഷത്തിൽ ഒടിഞ്ഞത്. ഇവരുടെ അയൽവാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നളിനി വീട്ടിൽ വളർത്തുന്ന കോഴികൾ അയൽവാസിയായ സാറാമ്മയുടെ പുരയിടത്തിൽ കയറി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നുവത്രെ. ഇതിനെച്ചൊല്ലി ഇരുവീട്ടുകാർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. ബുധനാഴ്ച രാവിലെ പത്തോടെ നളിനിയുടെ കോഴി സാറാമ്മയുടെ പുരയിടത്തിൽ കയറിയതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടാവുകയും നളിനിയുടെ ഇടതുകൈ സാറാമ്മ വടികൊണ്ട് അടിച്ചൊടിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ നളിനിയെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു.