തിരുവനന്തപുരം: സിപിഐക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. പത്തുവർഷം കൂടെനിന്ന് സകല ആനുകൂല്യങ്ങളും പറ്റിയിട്ട് ഇപ്പോൾ സർക്കാരിനെ തള്ളിപ്പറയുന്ന സിപിഐ 'ചതിയൻ ചന്തു'മാരാണെന്ന് അദ്ദേഹം പരിഹസിച്ചു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Binoy Viswam replies to Vellapally Natesan's remarks against CPI)
മൂന്നാം തവണയും പിണറായി സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് മുഷ്ടി ചുരുട്ടി അദ്ദേഹം പ്രഖ്യാപിച്ചു. വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നും പുറത്തല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയ്യപ്പ സംഗമ വേളയിൽ താൻ മുഖ്യമന്ത്രിക്കൊപ്പം കാറിൽ യാത്ര ചെയ്തതിനെ വിമർശിക്കുന്നവരോട് താൻ 'അയിത്ത ജാതിക്കാരനാണോ' എന്ന് അദ്ദേഹം ചോദിച്ചു. ഒരു സവർണ്ണ ജാതിക്കാരനാണ് കയറിയതെങ്കിൽ ആരെങ്കിലും പ്രശ്നമാക്കുമായിരുന്നോ എന്നും അദ്ദേഹം ആഞ്ഞടിച്ചു.
മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ എസ്എൻഡിപിക്ക് അനുമതി ലഭിക്കുന്നില്ലെന്ന തന്റെ പഴയ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായ അദ്ദേഹം മാധ്യമപ്രവർത്തകരുടെ മൈക്ക് തട്ടിമാറ്റിയാണ് മടങ്ങിയത്.
വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകിയത്. ചതിയൻ ചന്തു എന്ന പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫിന്റെ മുഖം. തന്റെ കാറിൽ വെള്ളാപ്പള്ളിയെ കയറ്റില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വെള്ളാപ്പള്ളി യഥാർത്ഥ വിശ്വാസിയാണോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിഭാഗങ്ങൾ എൽ.ഡി.എഫിൽ നിന്ന് അകന്നുവെന്ന് തുറന്നുസമ്മതിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ മുന്നണിയുടെ അടിത്തറ തകർന്നിട്ടില്ലെന്നും തെറ്റുകൾ തിരുത്തി മൂന്നാം ഭരണത്തിനായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ച പറ്റി. ജനങ്ങൾ തന്നെയാണ് വലിയവൻ എന്ന തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണം. ജനങ്ങളുമായി സത്യസന്ധമായ ആശയവിനിമയമാണ് ഇനി വേണ്ടത്. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി ജനുവരി 15 മുതൽ 30 വരെ സി.പി.ഐ പ്രവർത്തകർ ഭവന സന്ദർശനം നടത്തും. ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് മനസ്സിലാക്കി മുന്നോട്ട് പോകും.
കോൺഗ്രസ് പ്രവർത്തക സമിതിയിലെ ശശി തരൂർ, ദിഗ്‌വിജയ് സിങ്, സൽമാൻ ഖുർഷിദ് എന്നിവർ മനസ്സുകൊണ്ട് ബി.ജെ.പിക്കാരാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ശബരിമലയിലെ സ്വത്ത് അപഹരിച്ചവർ ആരായാലും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണം. 'ഉപ്പു തിന്നവർ വെള്ളം കുടിക്കണം' എന്നും എസ്.ഐ.ടി അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനാണെന്നും മാധ്യമങ്ങളിൽ വരുന്നത് കേവലം കഥകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ മതഭ്രാന്തിനോട് എൽ.ഡി.എഫ് ഒരിക്കലും സന്ധി ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.