തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിഭാഗങ്ങൾ എൽ.ഡി.എഫിൽ നിന്ന് അകന്നുവെന്ന് തുറന്നുസമ്മതിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ മുന്നണിയുടെ അടിത്തറ തകർന്നിട്ടില്ലെന്നും തെറ്റുകൾ തിരുത്തി മൂന്നാം ഭരണത്തിനായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(The foundation of LDF has not been broken, we will correct it and move forward, says Binoy Viswam)
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ച പറ്റി. ജനങ്ങൾ തന്നെയാണ് വലിയവൻ എന്ന തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണം. ജനങ്ങളുമായി സത്യസന്ധമായ ആശയവിനിമയമാണ് ഇനി വേണ്ടത്. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി ജനുവരി 15 മുതൽ 30 വരെ സി.പി.ഐ പ്രവർത്തകർ ഭവന സന്ദർശനം നടത്തും. ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് മനസ്സിലാക്കി മുന്നോട്ട് പോകും.
കോൺഗ്രസ് പ്രവർത്തക സമിതിയിലെ ശശി തരൂർ, ദിഗ്‌വിജയ് സിങ്, സൽമാൻ ഖുർഷിദ് എന്നിവർ മനസ്സുകൊണ്ട് ബി.ജെ.പിക്കാരാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ശബരിമലയിലെ സ്വത്ത് അപഹരിച്ചവർ ആരായാലും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണം. 'ഉപ്പു തിന്നവർ വെള്ളം കുടിക്കണം' എന്നും എസ്.ഐ.ടി അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനാണെന്നും മാധ്യമങ്ങളിൽ വരുന്നത് കേവലം കഥകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ മതഭ്രാന്തിനോട് എൽ.ഡി.എഫ് ഒരിക്കലും സന്ധി ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.