തൃശൂർ: ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 20 കിലോ കഞ്ചാവ് ചാവക്കാട്ട് വെച്ച് പോലീസ് പിടികൂടി. ഡാൻസാഫ് സംഘവും ചാവക്കാട് പോലീസും ചേർന്ന് നടത്തിയ സിനിമാറ്റിക്കായ പിന്തുടരലിനൊടുവിലാണ് പ്രതികൾ വലയിലായത്. ഒഡീഷയിൽ നിന്ന് എസ്‌യുവി വാഹനത്തിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടരുകയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതികൾ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചു പോയി.(Cannabis smuggled from Odisha seized in Chavakkad, Accused escape by jumping into canal)
ചാവക്കാട് പാലത്തിന് മുകളിൽ എത്തിയപ്പോൾ വാഹനം ഉപേക്ഷിച്ച നാലംഗ സംഘം രക്ഷപെടാൻ ശ്രമിച്ചു. ഇതിൽ രണ്ടുപേർ പാലത്തിന് താഴെയുള്ള കനാലിലേക്ക് ചാടി നീന്തി രക്ഷപെട്ടു. കനാലിൽ ചാടാൻ കഴിയാതിരുന്ന മറ്റു രണ്ടുപേരെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ഒല്ലൂർ സ്വദേശികളായ അനൂപ്, ആന്റണി എന്നിവരാണ് പിടിയിലായത്. ഇതിൽ അനൂപ് കൊലക്കേസ് ഉൾപ്പെടെ 26-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ അനൂപിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടുപ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.