തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന ഹൈക്കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാരെ സംഘത്തിൽ ഉൾപ്പെടുത്തിയത് അന്വേഷണ വിവരങ്ങൾ ചോർത്താനാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.(SPs with CPM links in SIT, move to sabotage Sabarimala gold theft case, says VD Satheesan)
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഫ്രാക്ഷനിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ എസ്.ഐ.ടിയിൽ നിയോഗിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഇതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഒരു ഉന്നതനുമാണെന്ന് സതീശൻ ആരോപിച്ചു.
ഹൈക്കോടതി നിയോഗിച്ച സംഘത്തിൽ നുഴഞ്ഞുകയറി അന്വേഷണ വിവരങ്ങൾ സർക്കാരിലേക്ക് എത്തിക്കാനും യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുമാണ് ഈ നീക്കം. എസ്.ഐ.ടിയെ നിർവീര്യമാക്കാനാണ് പോലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. ഇപ്പോൾ ക്രൈംബ്രാഞ്ചിലിരുന്ന് സി.പി.എമ്മിനായി വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥൻ മുൻപ് കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയ വ്യക്തിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഹൈക്കോടതിയുടെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും എസ്.ഐ.ടിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളെക്കുറിച്ച് പരിശോധിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.