Times Kerala

 'ചങ്ങാതി' അതിഥി തൊഴിലാളി സാക്ഷരത പദ്ധതി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

 
 സൗജന്യ തൊഴില്‍ പരിശീലനം
 അതിഥി തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിയായ ചങ്ങാതിയുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളികളെ സംസ്ഥാന സാക്ഷരതാ മിഷന്‍ വഴി മലയാളഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്ന പദ്ധതിയാണ് ചങ്ങാതി. 2018 ല്‍ ആരംഭിച്ച പദ്ധതി ഓരോ വര്‍ഷവും ഓരോ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കി വരുന്നത്.  ഈ വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകാര്യം വാര്‍ഡിലാണ് നടത്തുന്നത്. ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനമാക്കി ഭാഷ, സംസ്‌കാരം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതിനായി ശ്രീകാര്യത്ത് പഠന ക്ലാസുകള്‍ ക്രമീകരിക്കും. ഇതിന് നേതൃത്വം നല്‍കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ത്ഥികളാണ് ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുക. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി ശ്രീകാര്യം കൗണ്‍സിലര്‍ സ്റ്റാന്‍ലി ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ വി രതീഷ് അദ്ധ്യക്ഷനായിരുന്നു.
പരിശീലന പരിപാടിയുടെ ആമുഖ അവതരണം ടി വി ശ്രീജന്‍ നിര്‍വ്വഹിച്ചു. ചങ്ങാതി പദ്ധതി എന്ത് എങ്ങനെ എന്ന വിഷയം ദീപ ജെയിംസ് അവതരിപ്പിച്ചു. ഹമാരി മലയാളം പാഠപുസ്തകം ഉദയകുമാരി ടീച്ചര്‍ പരിചയപ്പെടുത്തി.
സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ സജിത സ്വാഗതവും അക്ഷരശ്രീ കോര്‍ഡിനേറ്റര്‍ ജിതിന്‍ നന്ദിയും പറഞ്ഞു.

Related Topics

Share this story