ആലപ്പുഴ: ഡയാലിസിസിന് വിധേയരായ രോഗികൾ തുടർച്ചയായി മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. ചികിത്സാ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Death of patients after dialysis, Case registered against Haripad Taluk Hospital)
ഭാരതീയ ന്യായ സംഹിതയിലെ (BNS) 125 (മറ്റൊരാളുടെ ജീവനോ വ്യക്തിസുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി), 106(1) (അശ്രദ്ധമൂലമുള്ള മരണം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാർ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
മരിച്ച രോഗികളിലൊരാളായ രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.