തിരുവനന്തപുരം: ലഹരിക്കേസിലെ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെതിരെ കർശന നടപടിക്കൊരുങ്ങി കേരള ബാർ കൗൺസിൽ. കോടതിയിൽ സമർപ്പിച്ച തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച നടപടി അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ കൗൺസിൽ, ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുത്തേക്കും.(Evidence corruption case, Bar Council prepares to take strict action against Antony Raju)
എൻറോൾമെന്റിൽ നിന്ന് നീക്കം ചെയ്തേക്കും. അടുത്ത ബാർ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. തുടർനടപടികൾക്കായി കേസ് അച്ചടക്ക സമിതിക്ക് കൈമാറുമെന്ന് ബാർ കൗൺസിൽ പ്രസിഡന്റ് ടി.എസ്. അജിത് വ്യക്തമാക്കി.
നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചു. ഇതോടെ അദ്ദേഹം നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനായി. 1990-ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാൻ വേണ്ടി കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി കൃത്രിമം കാണിച്ചു. ഇതേത്തുടർന്ന് ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസ്.പി. ജയമോഹൻ നടത്തിയ 19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മുൻ മന്ത്രി ശിക്ഷിക്കപ്പെടുന്നത്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കൽ, കള്ളത്തെളിവ് നൽകൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്.