കോഴിക്കോട്: നിർമ്മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിൽ വടകര റീച്ചിലെ അഴിയൂർ മേഖലയിൽ സംരക്ഷണഭിത്തി പിളർന്നു. ചോമ്പാൽ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടർപാസിനും മധ്യേയുള്ള ഭിത്തിയിലാണ് വൻ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. സർവീസ് റോഡിനോട് ചേർന്നുള്ള ഭാഗമാണിത്.(Protective wall on the national highway in Azhiyur has cracked)
കുഞ്ഞിപ്പള്ളി അണ്ടർപാസിനായി ഇരുവശങ്ങളിലും റോഡ് ഉയർത്തുന്ന പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ തോതിൽ മണ്ണ് നിറയ്ക്കുന്നുണ്ട്. ഭിത്തി പൂർണ്ണമായും തകർന്ന് മണ്ണ് ഇടിഞ്ഞാൽ ദേശീയപാതയുടെ ഈ ഭാഗം തന്നെ അപകടത്തിലാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
സംരക്ഷണഭിത്തിയിലെ വിള്ളൽ അതീവ ഗുരുതരമാണെന്നിരിക്കെ, റോഡ് നിർമ്മാണ ചുമതലയുള്ള കമ്പനിയുടെ എൻജിനീയറിങ് വിഭാഗം പ്രശ്നത്തെ നിസ്സാരവത്കരിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. വിള്ളൽ വീണ ഭിത്തി പൂർണ്ണമായും പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.