വയനാട് : 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിച്ചെടുക്കാനുള്ള കോൺഗ്രസിന്റെ മാസ്റ്റർ പ്ലാൻ തയാറായി. വയനാട്ടിൽ നടക്കുന്ന 'ലക്ഷ്യ 2026' ക്യാമ്പിന്റെ ഭാഗമായി നടന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഓരോ മണ്ഡലത്തിലെയും ജയസാധ്യത റിപ്പോർട്ട് സമർപ്പിച്ചു.(Congress on Mission 2026, Sunil Kanagolu submits report for candidate selection)
ഓരോ മണ്ഡലത്തിലും ജനസമ്മതിയുള്ള സ്ഥാനാർത്ഥികൾ ആരാകണം എന്നതിനെക്കുറിച്ച് കൃത്യമായ പഠന റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ഇടതുമുന്നണി ഭരിക്കുന്ന സിറ്റിങ് സീറ്റുകളിൽ യുഡിഎഫിന് എത്രത്തോളം ജയസാധ്യതയുണ്ടെന്ന വിശകലനവും റിപ്പോർട്ടിലുണ്ട്. മണ്ഡലം തിരിച്ചുള്ള വോട്ടിങ് ശതമാനവും ഭരണവിരുദ്ധ വികാരവും അടിസ്ഥാനമാക്കിയുള്ള സർവ്വേ ഫലങ്ങളും നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു.
100 സീറ്റുകൾ ലക്ഷ്യമിട്ടുള്ള 'മിഷൻ 2026' കർമ്മപദ്ധതി ഇന്ന് ക്യാമ്പിലെ പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവതരിപ്പിക്കും. സ്ഥാനാർത്ഥി നിർണ്ണയം നേരത്തെ പൂർത്തിയാക്കുക എന്നതിനാണ് മുൻഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ 70 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രാഥമിക ധാരണയുണ്ടാക്കും. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ വച്ചുതന്നെ ഈ സ്ഥാനാർത്ഥികളെ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. ഈ മാസം 15-നകം ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കും.