'പാർട്ടി എന്ത് തീരുമാനിച്ചാലും അനുസരിക്കും': നേമം പിടിക്കാൻ ഇടതു പക്ഷത്തിനായി ഇറങ്ങുന്നത് മന്ത്രി V ശിവൻകുട്ടിയോ ? രാജീവ് ചന്ദ്രശേഖറിനെ ഇറക്കി BJP | LDF

ഇത്തരത്തിൽ മണ്ഡലത്തിൽ സ്വാധീനമുള്ള മറ്റൊരാളില്ല എന്നാണ് വിലയിരുത്തൽ
Is Minister V Sivankutty himself coming out to support LDF to win the election?
Updated on

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നേമം നിയമസഭാ മണ്ഡലത്തിൽ 2026-ലെ പോരാട്ടം കടുക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന് ഏകദേശ ധാരണയായതോടെ, മണ്ഡലം നിലനിർത്താൻ മന്ത്രി വി. ശിവൻകുട്ടിയെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് സിപിഎം നീക്കം. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന നേമം 2021-ൽ തിരിച്ചുപിടിച്ച ശിവൻകുട്ടിക്ക് അല്ലാതെ മറ്റൊരാൾക്ക് മണ്ഡലത്തിൽ ഇത്രത്തോളം സ്വാധീനമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.(Is Minister V Sivankutty himself coming out to support LDF to win the election?)

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടിയും ഇടതുമുന്നണിയുമാണ് എടുക്കേണ്ടതെന്നും പാർട്ടി എന്ത് തീരുമാനിച്ചാലും അത് അനുസരിക്കുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിയ വി. ശിവൻകുട്ടിയെ തന്നെ വീണ്ടും ഇറക്കി മണ്ഡലം നിലനിർത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. ശിവൻകുട്ടിയല്ലാതെ മറ്റൊരു മികച്ച പോരാളി മണ്ഡലത്തിൽ ഇല്ലെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. പരസ്യമായി മത്സരിക്കാനില്ലെന്ന് മന്ത്രി പറയുമ്പോഴും, രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാർട്ടി നിർദ്ദേശിച്ചാൽ അദ്ദേഹത്തിന് വീണ്ടും ജനവിധി തേടേണ്ടി വരും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണത്തെയും ശിവൻകുട്ടി ന്യായീകരിച്ചു. ശബരിമലയിലേതിന് സമാനമായ കൊള്ളയാണ് പുനർജനി പദ്ധതിയിലൂടെ നടന്നതെന്നും 19 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഉയർന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടായതിനാലാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. അടിസ്ഥാനരഹിതമായി പ്രതിപക്ഷ നേതാവിനെതിരെ കുറ്റം ചുമത്തില്ലെന്നും അന്വേഷണത്തെ സതീശൻ ഭയക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോവളം എംഎൽഎ എം. വിൻസെന്റ് രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് എൽഡിഎഫ് നേതാക്കൾക്ക് പരാജയഭീതിയാണെന്നും അതിന്റെ ഭാഗമായാണ് ശിവൻകുട്ടി പിന്മാറുന്നതെന്നും വിൻസെന്റ് ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ എൽഡിഎഫ് നേതാക്കൾ ഇതേ നിലപാടുമായി മുന്നോട്ടുവരുമെന്നും അദ്ദേഹം പരിഹസിച്ചു.

2011ൽ ഒ. രാജഗോപാലിനെ പരാജയപ്പെടുത്തി വി. ശിവൻകുട്ടി വിജയിച്ചു. 2016ൽ ഒ. രാജഗോപാലിലൂടെ ബിജെപി കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു. അന്ന് യുഡിഎഫ് വോട്ടുകൾ വലിയ തോതിൽ കുറഞ്ഞത് ബിജെപിക്ക് തുണയായി.

2021ൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടാൻ ലക്ഷ്യമിട്ടിറങ്ങിയ വി. ശിവൻകുട്ടി 3,949 വോട്ടുകൾക്ക് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി. കോൺഗ്രസിനായി കെ. മുരളീധരൻ ശക്തമായ പോരാട്ടം കാഴ്ചവെച്ചതോടെയാണ് ബിജെപിക്ക് വിജയം നഷ്ടമായത്.

ബിജെപിയുടെ 'മിഷൻ 2026' പദ്ധതിയുടെ ഭാഗമായി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുനില ബിജെപിക്ക് അനുകൂലമായത് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു. അതേസമയം, മുരളീധരനെപ്പോലൊരു സൂപ്പർ താരം ഇത്തവണ കോൺഗ്രസിനായി നേമത്ത് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
Times Kerala
timeskerala.com