വീടുകൾ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
Sun, 19 Mar 2023

കണ്ണൂർ: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന പ്രതി പിടിയിൽ. കക്കാട്, എളയാവൂർ, മുണ്ടയാട് എന്നിവിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന നവാസ് എന്ന 42-കാരനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ച മൂന്നിന് ദേശീയപാത റോഡ് നിർമാണത്തിന്റെ എൻജിനീയർമാർ താമസിക്കുന്ന വീട്ടിൽ നിന്ന് മൂന്ന് മൊബൈൽ, ലാപ്ടോപ്, വാച്ച് കൂടാതെ 12000 രൂപയും പ്രതി മോഷ്ടിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനിയാലാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച കക്കാട് സ്പിനിങ്ങ് മില്ലിന് സമീപത്തെ പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നും ഒന്നര ലക്ഷം വിലവരുന്ന ടി.വി, വിലപിടിപ്പുള്ള പാത്രങ്ങൾ കളവ് ചെയ്ത കേസിലും ഇതേ പ്രതിയാണെന്ന് അന്വേഷണത്തിൽ മനസ്സിലാവുകയായിരുന്നു. തെളിവെടുപ്പിൽ പ്രതിയുടെ താമസ സ്ഥലത്ത്നിന്നും ടി.വി, ആറ് മൊബൈൽ ഫോണുകൾ, കവർച്ച ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.