തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്ക് പങ്കില്ലെന്നും താനൊരു അയ്യപ്പഭക്തനാണെന്നും അവകാശപ്പെട്ട് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് അന്വേഷണസംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗോവർദ്ധൻ രംഗത്തെത്തിയത്.(No involvement in Sabarimala gold theft, Govardhan in bail plea)
സ്വർണ്ണമായും പണമായും ഒരു കോടിയിലധികം രൂപ താൻ ശബരിമലയിലേക്ക് നൽകിയിട്ടുണ്ട്. സ്വർണ്ണം പൂശുന്നതിനും അന്നദാനത്തിനുമായി പണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ കൈവശമുണ്ടായിരുന്ന 80 ലക്ഷം രൂപ മൂല്യമുള്ള സ്വർണ്ണം അന്വേഷണസംഘം ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്ന് ഹർജിയിൽ പറയുന്നു.
ഇടപാടുകളുടെ കണക്കുകളും ചെമ്പ് പാളികളുടെ ചിത്രങ്ങളും ഉൾപ്പെടെയുള്ള രേഖകൾ ജാമ്യാപേക്ഷയ്ക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ഗോവർധന്റെ വാദങ്ങൾ തള്ളിക്കൊണ്ട് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് എസ് ഐ ടിയുടെ തീരുമാനം. റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
ശബരിമലയിലെ പാളികളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം ആർക്കൊക്കെ വിറ്റു എന്നതിലാണ് അന്വേഷണം നടക്കുന്നത്. ഇതിൽ നിർണ്ണായക പങ്കുണ്ടെന്ന് കരുതുന്ന ഇടനിലക്കാരൻ കൽപേഷിനെ വൈകാതെ ചോദ്യം ചെയ്യും. മുൻ ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നതരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.