കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ ടി.കെ. രജീഷിനും പരോൾ അനുവദിച്ചിരുന്നു.(TP Chandrasekharan murder case accused granted parole again)
വർഷാവസാനം തടവുകാർക്ക് നൽകുന്ന സ്വാഭാവികമായ പരോൾ മാത്രമാണിതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. നിലവിലെ നിയമപ്രകാരം ഒരു മാസം ജയിലിൽ കഴിയുന്നവർക്ക് 5 ദിവസവും, ഒരു വർഷം പൂർത്തിയാക്കുന്നവർക്ക് ആകെ 60 ദിവസവും പരോളിന് അർഹതയുണ്ട്. ഇത് അനുവദിക്കുന്നത് സാധാരണ ജയിൽ ചട്ടങ്ങളുടെ ഭാഗമാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ കഴിഞ്ഞ രണ്ട് മാസമായി ആർക്കും പരോൾ അനുവദിച്ചിരുന്നില്ല. ഡിസംബർ 31-ഓടെ ഈ വർഷത്തെ പരോൾ കാലാവധി അവസാനിക്കുന്നതിനാലാണ്, അപേക്ഷ നൽകിയ പരമാവധി ആളുകൾക്ക് ഇപ്പോൾ പരോൾ അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ടി.പി. കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നത് നേരത്തെയും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു.