വില്ലേജ് അസിസ്റ്റന്റിന്റെ കൈക്കൂലി; വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന
May 26, 2023, 06:53 IST

തിരുവനന്തപുരം: വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്നു സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തി. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം റവന്യു മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യു സെക്രട്ടേറിയറ്റിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ പരിശോധന സംഘം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 41 ഓഫീസുകളിൽ പരിശോധന നടത്തി. 11 ഡപ്യൂട്ടി കളക്ടർമാരുടെയും മൂന്ന് സീനിയർ സൂപ്രണ്ടുമാരുടെയും നേതൃത്വത്തിൽ 14 ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. മിന്നൽ പരിശോധയുമായി ബന്ധപ്പെട്ടു കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ അടുത്ത ദിവസം തന്നെ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.