തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ ഫണ്ട് സ്വീകരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുറമെ മണപ്പാട്ട് ഫൗണ്ടേഷനും സി ഇ ഒയ്‌ക്കുമെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകി. വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതിനാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.(Punarjani Project, Recommendation for CBI investigation against Manappat Foundation and CEO)
2018 മുതൽ 2022 വരെയുള്ള കാലയളവിൽ മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് 1,22,23,152 രൂപ എത്തിയതായി വിജിലൻസ് കണ്ടെത്തി. എന്നാൽ ഈ പണത്തിന്റെ കൃത്യമായ രേഖകളോ റെക്കോർഡുകളോ സൂക്ഷിച്ചിട്ടില്ല. ഇത്രയും വലിയ തുക ലഭിച്ചിട്ടും രേഖകൾ സൂക്ഷിക്കാത്തത് എഫ്സിആർഎ നിയമത്തിലെ റൂൾ 19-ന്റെ ലംഘനമാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലൻസിന് നൽകിയ രേഖകളും തമ്മിൽ വലിയ വ്യത്യാസമുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പുനർജനി പദ്ധതിയുടെ പേരിൽ സമാഹരിച്ച തുക പദ്ധതിക്ക് വേണ്ടി മാത്രമല്ല ഉപയോഗിച്ചിട്ടുള്ളതെന്നാണ് വിജിലൻസിന്റെ നിഗമനം.
പ്രതിപക്ഷ നേതാവിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മണപ്പാട്ട് ഫൗണ്ടേഷനെതിരെയുള്ള വിജിലൻസിന്റെ കർശന നിലപാട് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.