കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ കൂടുതൽ സീറ്റുകൾക്ക് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യം മുന്നണി യോഗത്തിൽ ഔദ്യോഗികമായി അറിയിക്കുമെന്നും സൗഹാർദപരമായ അന്തരീക്ഷത്തിൽ ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.(Assembly elections, Muslim League to ask for more seats)
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനായി മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും. കോൺഗ്രസ് ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയ സാഹചര്യത്തിലാണ് ലീഗും ചർച്ചകൾക്ക് വേഗം കൂട്ടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുൻനിർത്തി ഇത്തവണ കൂടുതൽ സീറ്റുകൾ ചോദിക്കണമെന്ന ശക്തമായ വികാരം പാർട്ടിയിലുണ്ട്. നിലവിലുള്ള ചില സീറ്റുകൾ പരസ്പരം വെച്ചുമാറുന്നതിനെക്കുറിച്ചും ചർച്ചകളുണ്ടാകും. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങളും പ്രാഥമിക പട്ടികയും യോഗം വിലയിരുത്തും.