തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന നിഗമനങ്ങൾക്ക് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്കെതിരെ ബെന്നി ബഹനാൻ . ഇവ തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി.(Benny Behanan blocks Congress’s CM aspirations, Sends letter to high command)
കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ഈ ഘട്ടത്തിൽ, ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തിനായി നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബെന്നി ബെഹ്നാൻ കത്തിൽ പറയുന്നു. ചില നേതാക്കളും അണികളും സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളുടെ ഇഷ്ടനേതാക്കൾക്കായി നടത്തുന്ന മുഖ്യമന്ത്രി പ്രചാരണം കോൺഗ്രസിന് വോട്ട് ചെയ്തവരെ അവഹേളിക്കുന്നതിന് തുല്യമാണ്.
ഇത്തരം പ്രവണതകൾ കോൺഗ്രസിന് ചേർന്നതല്ലെന്നും ഇതൊരു ‘നാണംകെട്ട രീതിയാണെന്നും’ അദ്ദേഹം കത്തിൽ ആഞ്ഞടിച്ചു. ഏതെങ്കിലും ഒരു പ്രത്യേക നേതാവിന്റെ പേര് കത്തിൽ പരാമർശിച്ചിട്ടില്ല. എറണാകുളം ജില്ലയിൽ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് ചർച്ചകൾക്ക് തീപ്പൊരിയിട്ടത്.

