യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ

ആഗസ്റ്റ് 29ന് രാത്രി വേരുവള്ളി അംബേദ്കർ കോളനിയുടെ സമീപം ഓട്ടോറിക്ഷയിൽ വരുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി പ്രതികൾ സംഘംചേർന്ന് മർദിക്കുകയും കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അർജുന്റെ ബൈക്കും ഓട്ടോ ഡ്രൈവറായ യുവാവിന്റെ ബന്ധുവിന്റെ ബൈക്കും തമ്മിൽ ഇടിച്ചതിനെ ചൊല്ലി ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഓട്ടോറിക്ഷ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന യുവാക്കളെയും പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയും ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തത്. ഇതിനുശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസെടുക്കുകയും തിരച്ചിലിനൊടുവിൽ നാലുപേരെയും ബംഗളൂരുവിൽനിന്ന് പിടികൂടുകയുമായിരുന്നു. കോടതിയും ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
