തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസും യുഡിഎഫും പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. സർക്കാർ ഭൂമി വിട്ടുനൽകാൻ വൈകിയതിനാലാണ് നിർമ്മാണം നീണ്ടുപോയതെന്ന് അദ്ദേഹം വ്യക്തമാക്കി.(UDF will build 300 houses for the Wayanad landslide victims, says VD Satheesan)
യുഡിഎഫുമായി ബന്ധപ്പെട്ട് ആകെ 300 വീടുകളാണ് വയനാട്ടിൽ വരുന്നത്. ഇതിൽ 100 വീടുകൾ കർണാടക സർക്കാരിന്റെയും, 100 വീടുകൾ മുസ്ലിം ലീഗിന്റെയും, ബാക്കി 100 വീടുകൾ കോൺഗ്രസിന്റെയും വകയാണ്.
കർണാടക സർക്കാരിന്റെ നൂറ് വീടുകൾക്കുള്ള പണം ഇതിനകം കൈമാറിക്കഴിഞ്ഞു. മുസ്ലിം ലീഗ് തങ്ങളുടെ 100 വീടുകൾക്കായി സ്ഥലം ഏറ്റെടുത്ത് നിർമ്മാണം ആരംഭിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾക്കുള്ള ഭൂമിയുടെ രജിസ്‌ട്രേഷൻ അടുത്തയാഴ്ച നടക്കും. 10 ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമ്മാണം തുടങ്ങാനാണ് ലക്ഷ്യം. വീട് നിർമ്മാണത്തിനായി യൂത്ത് കോൺഗ്രസ് സമാഹരിച്ച 1.05 കോടി രൂപ ഉടൻ കെപിസിസിക്ക് കൈമാറും.
സർക്കാർ ബാങ്കുകളിൽ 742 കോടി രൂപയുണ്ടായിട്ടും ദുരന്തബാധിതരുടെ ചികിത്സാച്ചെലവും വീട്ടുവാടകയും നൽകുന്നില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ഒരു വർഷം കഴിഞ്ഞിട്ടും വീട് നൽകാത്തതിനെതിരെയും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം സംരക്ഷിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. പത്മകുമാറിനെതിരെ എസ്‌ഐടി (SIT) ഹൈക്കോടതിയിൽ ഗുരുതര റിപ്പോർട്ട് നൽകിയിട്ടും എന്തു കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചവർക്ക് സർക്കാർ കുടപിടിക്കുകയാണെന്നും പരിഹസിച്ചു. തനിക്കെതിരെ എകെജി സെന്ററിൽ ഇരുന്ന് വ്യാജ കാർഡുകൾ ഇറക്കുന്നവർക്കെതിരെ വൈകാതെ 'ഒറിജിനൽ കാർഡ്' വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.