

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എം - ബി.ജെ.പി രഹസ്യധാരണ മണക്കുന്നുണ്ടെന്ന് കെ. മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരം നഗരസഭ ബി.ജെ.പിക്ക് വിട്ടുകൊടുത്ത മാതൃകയിൽ ചില നിയമസഭാ സീറ്റുകളിലും ധാരണയുണ്ടാക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(K Muraleedharan alleges CPM-BJP understanding in Trivandrum)
നേമത്ത് നിന്ന് വി. ശിവൻകുട്ടിയും വട്ടിയൂർക്കാവിൽ നിന്ന് ആർ. ശ്രീലേഖയും മാറുന്നത് ഈ അന്തർധാരയുടെ തെളിവാണെന്ന് മുരളീധരൻ പറഞ്ഞു. ബി.ജെ.പിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഇപ്പോൾ തന്നെ തർക്കം തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത് കൂടുതൽ രൂക്ഷമാകുമെന്നും അദ്ദേഹം പരിഹസിച്ചു.
താൻ മത്സരിക്കണോ അതോ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. യുവാക്കൾക്കും വനിതകൾക്കും മുൻഗണന നൽകുന്ന മികച്ച പട്ടികയായിരിക്കും കോൺഗ്രസിന്റേത്. മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ വലിയ മുതൽക്കൂട്ടാണെന്ന് മുരളീധരൻ പറഞ്ഞു. സി.പി.എമ്മിന്റെ കോട്ടകളിൽ കയറി സീറ്റ് പിടിച്ചെടുത്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും അദ്ദേഹം മത്സരിക്കാൻ യോഗ്യനാണെന്നും മുരളീധരൻ വ്യക്തമാക്കി.
മുസ്ലീം ലീഗിന് കൂടുതൽ സീറ്റുകൾ ചോദിക്കാൻ അർഹതയുണ്ട്. സീറ്റ് വിഭജനത്തിൽ മുന്നണിയിൽ വിട്ടുവീഴ്ചകൾ ഉണ്ടാകുമെന്നും തർക്കങ്ങളില്ലാതെ പട്ടിക പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ഭരണം കോൺഗ്രസ് അട്ടിമറിക്കില്ലെന്നും, എന്നാൽ അവരുടെ ഗ്രൂപ്പ് തർക്കം കാരണം ഭരണം തകർന്നാൽ കോൺഗ്രസിന് ഉത്തരവാദിത്തമില്ലെന്നും നഗരസഭയിലെ ബി.ജെ.പി ഭരണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.