അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയിൽ; തിരികെ കാട്ടിനുള്ളിലേക്ക് ഓടിക്കാൻ ശ്രമം തുടങ്ങി
May 27, 2023, 09:00 IST

കുമളി: അരിക്കൊമ്പന്‍ ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണില്‍ എത്തിയതായി റിപ്പോർട്ട്. ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിക്കിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ടൗണിലേക്ക് ഇറങ്ങിയത് വനംവകുപ്പിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അരിക്കൊമ്പന്റെ ലക്ഷ്യം ചിന്നക്കനാൽ ആണെന്ന സംശയം ശക്തമാകുന്നതിനിടെയാണ് കമ്പം ടൗണിൽ ആന എത്തിയത്.
കേരളാ – തമിഴ്‌നാട് വനം വകുപ്പുകൾ കൃത്യമായ നിരീക്ഷണത്തിലാണ്. രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്. കമ്പംമെട്ട് ഭാഗത്തുനിന്നു ഗൂഡല്ലൂർ– തേവാരം വഴി ചിന്നക്കനാൽ ലക്ഷ്യമിട്ടാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്ന സംശയത്തിലാണ് വനംവകുപ്പ്.