

മലപ്പുറം: കെ.എഫ്.സി വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ നോട്ടീസ് പി.വി. അൻവർ അവഗണിച്ചു. ഇന്ന് ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് അൻവർ വിട്ടുനിൽക്കുകയായിരുന്നു.(KFC loan fraud case, PV Anvar fails to appear before ED)
അൻവറിന്റെ ഡ്രൈവർ, ബന്ധുക്കൾ എന്നിവരുടെ പേരിലുള്ള ബെനാമി സ്ഥാപനങ്ങൾക്കായി 12 കോടി രൂപ കെ.എഫ്.സിയിൽ നിന്ന് വായ്പ എടുത്തതായാണ് ഇ.ഡി കണ്ടെത്തൽ. ഒരേ വസ്തു തന്നെ പല തവണ പണയം വെച്ചാണ് വിവിധ ഘട്ടങ്ങളിലായി വായ്പകൾ സംഘടിപ്പിച്ചത്. ഇതിന് കെ.എഫ്.സി ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചതായും അന്വേഷണ സംഘം കരുതുന്നു.
ടൂറിസം പദ്ധതികൾക്കായി എടുത്ത വായ്പ തുക പി.വി.ആർ ടൗൺഷിപ്പ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് റെയ്ഡിൽ ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. അൻവറിന്റെ ബെനാമികളെ കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ അൻവറിനെ നേരിട്ട് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇ.ഡി നിലപാട്.