കണ്ണൂർ: കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുട സ്വദേശിനി നബീസ (70) ചികിത്സയിലിരിക്കെ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. (Another snakebite death in Kerala, Elderly woman dies tragically in Kannur)
ആന്റിവെനം നൽകി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇതോടെ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി. എറണാകുളം ചെറായിയിലെ റിസോർട്ടിൽ താമസിക്കാനെത്തിയ കോയമ്പത്തൂർ സ്വദേശി ശർമിളയ്ക്ക് പാമ്പ് കടിയേറ്റു. കാലിന്റെ വിരലിനാണ് കടിയേറ്റത്. ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മഞ്ഞലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രാമൻകുളങ്ങരയിൽ പരിസരം വൃത്തിയാക്കുന്നതിനിടെ സുദേവൻ എന്നയാൾക്ക് പാമ്പ് കടിയേറ്റു. ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുദേവന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാമ്പ് കടിയേറ്റാൽ പരിഭ്രാന്തരാകാതെ ശാസ്ത്രീയമായ ചികിത്സ തേടുകയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. പേടിച്ചാൽ ഹൃദയമിടിപ്പ് കൂടുകയും വിഷം വേഗത്തിൽ ശരീരത്തിൽ പടരുകയും ചെയ്യും. കടിയേറ്റ ഭാഗം ഒട്ടും അനക്കാതെ സൂക്ഷിക്കണം.
ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്രയും വേഗം രോഗിയെ എത്തിക്കുക. കടിയേറ്റ ഭാഗത്ത് ഐസോ മഞ്ഞളോ വയ്ക്കാനോ മുറിവ് കഴുകാനോ ശ്രമിക്കരുത്. പാമ്പ് കടിയുടെ ലക്ഷണങ്ങൾ കണ്ടാലോ പാമ്പിനെ കണ്ട് ഉറപ്പാക്കിയാലോ ഡോക്ടർമാർ ആന്റിവെനം നൽകും. മുറിവ് ആഴ്ന്നിറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും. രക്തസ്രാവം, കാഴ്ചക്കുറവ്, ഉമിനീർ ഇറക്കാൻ പ്രയാസം തുടങ്ങിയവ വിഷബാധയുടെ ലക്ഷണങ്ങളാണ്. രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം പരിശോധിച്ച ശേഷമാണ് പ്രധാനമായും ചികിത്സ നിശ്ചയിക്കുന്നത്. പാമ്പ് വിഷത്തിനുള്ള ഏക മരുന്ന് ആന്റിവെനം മാത്രമാണ്. ചൂട് കൂടുമ്പോൾ പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണമെന്നും രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

