പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ

കൽപ്പറ്റ: പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും ശിക്ഷ. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻ വീട്ടിൽ മൊയ്തുട്ടി(60) എന്നയാൾക്കെതിരെ 2020ൽ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ല അഡിഷണൽ സെഷൻസ് കോടതി സ്പെഷ്യൽ ജഡ്‌ജ് വി. അനസ് ശിക്ഷ വിധിച്ചത്.

പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സമാനമായി 2020 തന്നെ മറ്റു രണ്ടു കേസുകൾക്കൂടി പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്നത്തെ പടിഞ്ഞാറത്തറ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ യും ഇപ്പോൾ വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി യുമായ എൻ ഓ സിബി, സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി. ഷമീർ, സിവിൽ പൊലീസ് ഓഫീസർ ജംഷീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ജി. മോഹൻദാസ് ഹാജരായി.