തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ അമീബിക് മസ്തിഷ്ക ജ്വരം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ ജലസ്രോതസ്സുകളിൽ നിന്ന് പകരുന്ന ഈ രോഗം അതീവ അപകടകാരിയാണെന്നും പൊതുജനങ്ങളും അധികൃതരും കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.(Amoebic encephalitis likely to increase in summer, caution needed, says Health Minister Veena George)
വെള്ളത്തിൽ കാണപ്പെടുന്ന അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി തുടങ്ങിയ സൂക്ഷ്മജീവികളാണ് രോഗമുണ്ടാക്കുന്നത്. കെട്ടിക്കിടക്കുന്ന കുളങ്ങൾ, തടാകങ്ങൾ, ശുചീകരിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവയിൽ കുളിക്കുമ്പോൾ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്കത്തെ ബാധിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞവർക്ക് ശരീരത്തിലെ മുറിവുകളിലൂടെയും അക്കാന്തമീബ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ വ്രണങ്ങൾ വൃത്തിയാക്കാൻ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ.
കടുത്ത പനി, ശക്തമായ തലവേദന, ഛർദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. അശുദ്ധമായ വെള്ളത്തിൽ കുളിക്കാനോ മുഖം കഴുകാനോ പാടില്ല. ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം. നീന്തൽക്കുളങ്ങൾ, കിണറുകൾ, ടാങ്കുകൾ എന്നിവ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി എത്തുന്നവരിൽ അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഗോളതലത്തിൽ ഈ രോഗത്തിന്റെ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും, കേരളത്തിൽ ഇത് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും അമീബയെ കണ്ടെത്താനുള്ള സംവിധാനമുണ്ട്.

