ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത് ( Chinese Firefighter Viral Video). ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഷാവ്ചിങ്ങിൽ നിന്നുള്ള അഗ്നിശമന സേനാംഗമായ ലിയാങ് ഹുവാനും സംഘവും, കനത്ത പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഗുവാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടവരാണ്.
ജൂലൈ 9-ന് ഉച്ചയോടെയായിരുന്നു വൈറലായ സംഭവം. രക്ഷാപ്രവർത്തനത്തിനിടയിലെ ചെറിയ ഇടവേളയിൽ റോഡരികിൽ ലൈഫ് ജാക്കറ്റുകൾക്ക് മുകളിൽ ഇരുന്ന് ലഞ്ച് ബോക്സ് തുറന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ലിയാങ്. ഇതിനിടെ ശക്തമായ മഴ പെയ്തതോടെ ഒരു കൈയിൽ ഭക്ഷണം പിടിച്ചും മറ്റേ കൈകൊണ്ട് മുഖത്തേക്ക് വീഴുന്ന മഴവെള്ളം തുടച്ചുമാറ്റിയും അദ്ദേഹം ഭക്ഷണം കഴിക്കുന്നത് വീഡിയോയിൽ കാണാം. അടുത്തായി മറ്റ് അഗ്നിശമന സേനാംഗങ്ങൾ വിശ്രമിക്കുന്നതും ഒരാൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഭക്ഷണം വേഗത്തിൽ കഴിച്ചശേഷം ലിയാങ് വീണ്ടും രക്ഷാപ്രവർത്തനത്തിലേക്ക് മടങ്ങുകയായിരുന്നു. ടൈഫൂൺ ‘മെയ്സാക്’ സൃഷ്ടിച്ച കനത്ത മഴയെ തുടർന്നാണ് ജൂലൈ ആദ്യം ഗുവാങ്‌സി മേഖലയിൽ വ്യാപക പ്രളയമുണ്ടായത്. പല പ്രദേശങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രളയത്തിൽ 39 പേർ മരിക്കുകയും ഒമ്പത് പേരെ കാണാതാകുകയും ചെയ്തു. ഏകദേശം 3.8 ലക്ഷം പേരെ ദുരന്തം ബാധിച്ചു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ഗുയിഗാങ്ങിലെ ദാജിയാങ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായിരുന്നു ലിയാങിന്റെയും സംഘത്തിന്റെയും പ്രധാന ദൗത്യം. വീഡിയോ വൈറലായതിനെ തുടർന്ന് പ്രതികരിച്ച ലിയാങ്, ഇത്രയധികം ആളുകൾ തനിക്കായി ആശംസകൾ അറിയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. “ഒരു നല്ല മനസ്സുള്ള വ്യക്തിയാണ് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ജനങ്ങൾ നൽകുന്ന സ്നേഹത്തിനും ആശംസകൾക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അത് എനിക്ക് വലിയ കരുത്താണ്,” അദ്ദേഹം പറഞ്ഞു.
“ഒരു മിനിറ്റ് നേരത്തെങ്കിലും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിഞ്ഞാൽ അത് അവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. എത്ര ക്ഷീണമുണ്ടായാലും അതിന് വിലയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി ഞങ്ങൾ അവസാന നിമിഷം വരെ പ്രവർത്തിച്ചുകൊണ്ടിരിക്കും,” ലിയാങ് കൂട്ടിച്ചേർത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അഗ്നിശമന സേനാംഗങ്ങളുടെ ആത്മസമർപ്പണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. “മഴയിൽ പോലും വിശ്രമിക്കാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഓടുന്ന യഥാർത്ഥ നായകനാണ് അദ്ദേഹം”, “ഇവരെ പോലുള്ളവരാണ് രാജ്യത്തിന്റെ അഭിമാനം” തുടങ്ങിയ പ്രതികരണങ്ങളാണ് കൂടുതലും.
Summary: A video of Chinese firefighter Liang Huan eating lunch in heavy rain during a brief break from flood rescue operations has gone viral across social media. The touching clip has drawn widespread praise, highlighting the dedication of frontline rescue workers battling devastating floods in China’s Guangxi region.


