തിരുവനന്തപുരം: നവകേരള ബസ് യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച സംഭവത്തിൽ പുനരന്വേഷണം വേണമെന്ന് എ.ഡി. തോമസ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതോടെ വിഷയത്തിൽ നിയമപരമായി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.(AD Thomas Demands Reinvestigation Into Gunmen Assault Case)
ലോകം മുഴുവൻ കണ്ട മർദന സംഭവത്തിൽ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതെന്ന് എ.ഡി. തോമസ് ചൂണ്ടിക്കാട്ടി. പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താലുടൻ പരാതി നൽകും. വ്യക്തിപരമായ പകപോക്കലല്ല, മറിച്ച് നിയമപരമായ നീതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അന്ന് കേസെടുക്കാൻ പോലും പോലീസ് തയ്യാറായിരുന്നില്ലെന്നും ഒടുവിൽ കോടതി ഇടപെട്ടപ്പോഴാണ് നടപടിയുണ്ടായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തെക്കുറിച്ചും എ.ഡി. തോമസ് പ്രതികരിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. നേതാക്കൾക്കായി സോഷ്യൽ മീഡിയയിലും തെരുവിലും പ്രതിഷേധങ്ങൾ നടക്കുന്നത് കോൺഗ്രസിന്റെ പാരമ്പര്യമാണെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Newly elected MLA AD Thomas has demanded a reinvestigation into the assault of Youth Congress workers by the former CM’s gunmen during the Navakerala Sadas. He stated that a formal complaint will be filed as soon as the UDF government takes office, criticizing the Crime Branch for its previous “no evidence” report.

