ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളിന്റെ സേവനങ്ങൾ ആഗോളതലത്തിൽ തടസ്സപ്പെട്ടു ( Google Search Outage). ചൊവ്വാഴ്ച രാവിലെ മുതൽ ഇന്ത്യയിലും അമേരിക്കയിലും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടു. സെർച്ച് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘500 ഇന്റേണൽ സെർവർ എറർ’ (500 Internal Server Error) എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്.
കഴിഞ്ഞ കുറച്ച് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യയിൽ മാത്രം നൂറുകണക്കിന് ആളുകളാണ് തകരാർ റിപ്പോർട്ട് ചെയ്തത്. സെർച്ച് റിസൾട്ടുകൾ കാണിക്കുന്നതിന് പകരം സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന സന്ദേശമാണ് ഗൂഗിൾ നൽകുന്നത്. “നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുന്നതിനിടെ ഒരു ഇന്റേണൽ സെർവർ എറർ സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ എഞ്ചിനീയർമാരെ വിവരം അറിയിച്ചിട്ടുണ്ട്,” എന്നാണ് ഗൂഗിൾ നൽകുന്ന അറിയിപ്പ്. ഉപയോക്താക്കളുടെ ഇന്റർനെറ്റ് കണക്ഷനോ ഉപകരണത്തിനോ ഉള്ള പ്രശ്നമല്ലിതെന്നും ഗൂഗിളിന്റെ തന്നെ സെർവറുകളിൽ ഉണ്ടായ തകരാറാണ് ഇതിന് പിന്നിലെന്നുമാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ നഗരങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗൂഗിൾ സെർച്ച് പ്രവർത്തനരഹിതമായ വിവരം പങ്കുവെക്കുന്നുണ്ട്. സേവനം എപ്പോൾ പൂർണ്ണസ്ഥിതിയിലാകുമെന്ന് ഗൂഗിൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
Summary: Google Search is facing a widespread global outage, with users in India, the US, and other countries reporting a “500 Internal Server Error.” The issue started on Tuesday morning, preventing millions from using the search engine. Google has acknowledged the technical glitch on its end and stated that its engineers are working to resolve the issue.

