കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ എംഎൽഎ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് അനിൽ അക്കര

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ എംഎൽഎ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. നാളെ ഹാജരായാൽ വീട്ടിൽ പോകാതെ സതീഷിനൊപ്പം ജയിലിൽ പോകുമെന്ന് മൊയ്തീന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരാകുമോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. എം വി ഗോവിന്ദൻ ഇന്ന് ഇഡി യെ പുച്ഛിച്ചു തള്ളിയെന്നും എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുവന്നൂർ കള്ളപ്പണ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ അധ്യക്ഷനായ അയ്യന്തോളെ സഹകരണ ബാങ്ക് ഉൾപ്പെടെ തൃശ്ശൂരിലും എറണാകുളത്തും 9 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. അയ്യന്തോളെ ബാങ്കിൽ നിന്ന് 18.5 കോടി രൂപ വായ്പയെടുത്ത് ഒളിച്ചോടിയ അനിൽകുമാറിന്റെ തൃശ്ശൂരിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അനിൽകുമാറിനെ സഹായിച്ചത് സിപിഎം നേതാക്കളാണെന്നാണ് ഇഡി ആരോപിക്കുന്നത്. ദീപക് എന്ന വ്യവസായിയുടെ എറണാകുളത്തെ വീട്ടിലും റെയ്ഡ് പുരോഗമിക്കുകയാണ്.