തിരുവനന്തപുരം: യാത്രക്കാരുടെ ലഗേജുകൾ സുരക്ഷിതമായും കൃത്യതയോടെയും സൂക്ഷിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിച്ചു. ഇതിനൊപ്പം ജീവനക്കാർക്കായി തിരുവനന്തപുരത്ത് സജ്ജീകരിച്ച പുതിയ ശീതീകരിച്ച വിശ്രമകേന്ദ്രവും മന്ത്രി നാടിന് സമർപ്പിച്ചു.(Digital clock room in KSRTC inaugurated by Minister KB Ganesh Kumar)
ലഗേജുകൾ സ്വീകരിക്കുമ്പോൾ തന്നെ അവയ്ക്ക് ഡിജിറ്റൽ ടോക്കണോ ക്യു.ആർ കോഡോ നൽകും. ഇത് വഴി സാധനങ്ങൾ മാറിപ്പോകാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കാം. സി.സി.ടി.വി ക്യാമറകളുടെ കർശന നിരീക്ഷണത്തിലാണ് ഈ ക്ലോക്ക് റൂമുകൾ പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ റെക്കോർഡുകൾ ആയതിനാൽ ലഗേജുകൾ ഏൽപ്പിക്കുമ്പോഴും തിരികെ വാങ്ങുമ്പോഴും കൃത്യമായ സമയം ട്രാക്ക് ചെയ്യാനാകും. തുടക്കത്തിൽ ഒൻപത് പ്രധാന ഡിപ്പോകളിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് തിരുവനന്തപുരം സെൻട്രൽ, കൊല്ലം, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം, ആലുവ, അങ്കമാലി, കോഴിക്കോട് എന്നിവയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് പ്രധാന ഡിപ്പോകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.