ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് പിടിച്ചെടുക്കാൻ ശക്തമായ തന്ത്രങ്ങളുമായി മുന്നണികൾ രംഗത്തിറങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫിൽ എൻ.സി.പിയും യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും എൻ.ഡി.എയിൽ ബി.ഡി.ജെ.എസുമാണ് ഇത്തവണ നേർക്കുനേർ വരുന്നത്.(The fight intensifies in Kuttanad, Candidate discussions are active)
എൽ.ഡി.എഫിൽ സിറ്റിങ് എം.എൽ.എ തോമസ് കെ. തോമസ് തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് സൂചന. സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക തലത്തിൽ ഉയർന്നിരുന്നെങ്കിലും, നിലവിലെ ധാരണയനുസരിച്ച് ഘടകകക്ഷി സീറ്റിൽ സി.പി.എം മാറ്റം വരുത്തില്ല. ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് ഇടതുമുന്നണി തീരുമാനം.
യു.ഡി.എഫിൽ എൻ.സി.പിയിൽ നിന്ന് മാറിയെത്തിയ റെജി ചെറിയാൻ മണ്ഡലത്തിൽ സജീവമാണ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും സജി ജോസഫ്, അനിൽ ബോസ് തുടങ്ങിയവരെ പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഘടകകക്ഷിയായ ജോസഫ് വിഭാഗത്തിന് തന്നെ സീറ്റ് നൽകാനാണ് നേതൃതലത്തിലെ ആലോചന.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് കുട്ടനാട്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തന്നെ സ്ഥാനാർത്ഥിയാകണമെന്ന് പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയും കുട്ടനാട് സ്വദേശിയുമായ സന്തോഷ് ശാന്തിയുടെ പേരും സജീവ പരിഗണനയിലുണ്ട്.