തിരുവനന്തപുരം: വിദ്യാർത്ഥികളിൽ വിജ്ഞാനവും സാമൂഹിക ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മെഗാക്വിസ് ജനുവരി 12-ന് ആരംഭിക്കും. കേരളത്തിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കും, സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്കും ഈ അറിവിന്റെ മഹോത്സവത്തിൽ പങ്കുചേരാം.(Chief Minister's Mega quiz from January 12, Prizes up to Rs 5 lakh)
സ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം: 5 ലക്ഷം രൂപ, രണ്ടാം സമ്മാനം: 3 ലക്ഷം രൂപ, മൂന്നാം സമ്മാനം: 2 ലക്ഷം രൂപ എന്നിങ്ങനെയും, കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനം: 3 ലക്ഷം രൂപ, രണ്ടാം സമ്മാനം: 2 ലക്ഷം രൂപ, മൂന്നാം സമ്മാനം: 1 ലക്ഷം രൂപ എന്നിങ്ങനെയുമാണ്.
സമ്മാനത്തുകയ്ക്ക് പുറമെ വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റും നൽകുന്നതാണ്. സ്കൂൾ തലം, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലം എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ. സ്കൂൾ തലത്തിൽ വ്യക്തിഗതമായാണ് മത്സരം ആരംഭിക്കുക. വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോകുക.
കോളേജ് വിഭാഗത്തിൽ കോളേജ് തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ടാകും. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീം അടിസ്ഥാനത്തിലുമായിരിക്കും മത്സരം സംഘടിപ്പിക്കുന്നത്. അവസാന ഘട്ടമായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെയാണ് സംസ്ഥാനത്തെ അന്തിമ വിജയികളെ കണ്ടെത്തുന്നത്. ജില്ലാതലം മുതൽ ഒരു ജനകീയ ഉത്സവമായാണ് ക്വിസ് സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രമല്ല, ഗാലറിയിലിരുന്ന് ശരിയുത്തരങ്ങൾ പറയുന്ന കാണികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകും. ജില്ലാതല വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.