കടയിലെത്തിയ 17കാരിയുടെ കവിളിൽ ചുംബിച്ച് ലൈംഗികാതിക്രമം; 47കാരന് 3 വർഷം കഠിന തടവും പിഴയും
Updated: Nov 21, 2023, 10:09 IST

പാനൂർ പൂക്കോത്ത് കടയിൽ ബാഗ് നന്നാക്കാനെത്തിയ 17 വയസ്സുളള പെൺകുട്ടിയുടെ കവിളിൽ ചുംബിച്ച് അപമര്യാദയായി പെരുമാറിയ കടയുടമയ്ക്ക് മൂന്ന് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചു. കൈവേലിക്കലിലെ സി.കെ. സജുവിനെയാണ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2018 ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പ്രതി നടത്തുന്ന കടയിൽ ബാഗ് നന്നാക്കാൻ എത്തിയ കുട്ടിയോടായിരുന്നു അതിക്രമം നടത്തിയത്. പാനൂർ എസ്ഐയായിരുന്ന കെ. സന്തോഷ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ബാംസുരി ഹാജരായി.