Times Kerala

 എക്‌സൈസ് സംഘത്തെകണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി,  ആശുപത്രിയില്‍ എത്തിച്ച് പുറത്തെടുത്തു 

 
news
 ഏറ്റുമാനൂര്‍ : എക്‌സൈസ് സംഘത്തെകണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായില്‍ ലിജുമോന്‍ ജോസഫാണ് (35) എക്‌സൈസ് സംഘത്തെ കണ്ടപാടെ കഞ്ചാവ് വിഴുങ്ങിയത്.തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ച് കഞ്ചാവ് പുറത്തെടുക്കുകയായിരുന്നു. കോട്ടയം സംക്രാന്തി-പേരൂര്‍ റോഡില്‍ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏറ്റുമാനൂര്‍ എക്‌സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ മാമ്മൂട് കവലയില്‍ വെച്ച് ഇയാളെ കണ്ടതിനെ തുടര്‍ന്ന് ചോദ്യംചെയ്തു. ദേഹപരിശോധന ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവുപൊതി വിഴുങ്ങുകയായിരുന്നു.ഉടന്‍തന്നെ ഇത് പുറത്തെടുക്കാന്‍ എക്‌സൈസ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല.കഞ്ചാവുപൊതി തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം അടക്കമുള്ള അസ്വസ്ഥത കാണിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു.  ഏറ്റുമാനൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.സജിത്ത്, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ രജിത്ത് കെ, പ്രിവന്റീവ് ഓഫീസര്‍ രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ നാരായണന്‍, പ്രമോദ്, വിനോദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story