

കോഴിക്കോട്: എൽ.ഡി.എഫിലെ അതൃപ്തരായവരെ യു.ഡി.എഫ്. മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്റെ അടിത്തറ ഭദ്രമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.(PK Kunhalikutty welcomes the dissatisfied people in LDF)
"അതൃപ്തരായ നിരവധി പേർ എൽ.ഡി.എഫിലുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തണം," കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.ഡി.എഫിന്റെ അടിത്തറ വിപുലമാക്കുകയും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ നീക്കങ്ങളെ അദ്ദേഹം വിമർശിച്ചു. "മുഖ്യമന്ത്രി ഓരോ കാർഡ് ഇറക്കി കളിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ കാർഡ് ഇറക്കി കളിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് ഇറക്കി." മുഖ്യമന്ത്രി കാർഡ് ഇറക്കിക്കളി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും, യു.ഡി.എഫിന്റേത് മതേതര നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ബി.ജെ.പി.ക്ക് കേരളത്തിൽ മുന്നേറ്റമില്ല. തിരുവനന്തപുരത്ത് ബി.ജെ.പി. ജയിച്ചത് എൽ.ഡി.എഫ്. ഭരണം മോശമായതുകൊണ്ടാണ്. വെൽഫെയർ പാർട്ടി യു.ഡി.എഫിലേക്ക് വരണമെന്ന് ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ല. വെൽഫെയർ പാർട്ടി അവരുടേതായ കാരണങ്ങൾകൊണ്ട് പിന്തുണച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.